പിഎം ശ്രീയിൽ സിപിഐ ഉയർത്തിയ പ്രതിഷേധം സർക്കാരിനെയും ഇടതുമുന്നണിയെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഈ വിഷയത്തിൽ സിപിഎമ്മും സിപിഐയും വിരുദ്ധധ്രുവങ്ങളിൽ നിൽക്കുന്പോൾ സമവായത്തിനുള്ള സാധ്യതപോലും തെളിയുന്നില്ല. പിണറായി വിജയൻ മുഖ്യമന്ത്രി ആയതിനുശേഷം ഇടതുമുന്നണിയിലുണ്ടാകുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയായി പിഎം ശ്രീ മാറിക്കഴിഞ്ഞു. പിഎം ശ്രീയിൽനിന്നു നിരുപാധികം പിന്മാറണമെന്നാണ് സിപിഐയുടെ ആവശ്യം. അതിന് അവരുടെ ദേശീയ നേതൃത്വത്തിന്റെ പിന്തുണയുമുണ്ട്. ഒപ്പിട്ടു കഴിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനിച്ചാൽപോലും ഇതിൽനിന്നു പിന്മാറാൻ എളുപ്പമല്ല.
അപമാനിതരായി സിപിഐ
സിപിഐക്ക് ഇത് ആത്മാഭിമാനത്തിന്റെ പ്രശ്നമാണിപ്പോൾ. മന്ത്രിസഭയിൽ രണ്ടു തവണ വരികയും മാറ്റിവയ്ക്കുകയും ചെയ്ത വിഷയത്തിൽ മന്ത്രിസഭയ്ക്കു മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ. റൂൾസ് ഓഫ് ബിസിനസിലെ ഈ തത്വംതന്നെ ലംഘിച്ചിരിക്കുന്നു. മാത്രമല്ല, ഈ വിഷയത്തിൽ തങ്ങൾ അപമാനിതരായെന്ന വികാരം സിപിഐ മന്ത്രിമാർക്കും നേതൃത്വത്തിനുമുണ്ട്. ഈ മാസം 22നു നടന്ന മന്ത്രിസഭാ യോഗത്തിൽ പിഎം ശ്രീ വിഷയം സിപിഐ മന്ത്രിമാർ ഉന്നയിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ ഒന്നും പറഞ്ഞില്ല. ഇതിനും ആറു ദിവസം മുന്പേ കേരളം കരാറിൽ ഒപ്പിട്ടിരുന്നു എന്ന കാര്യം സിപിഐ മന്ത്രിമാരും നേതൃത്വവും പിന്നീടറിയുന്നത് വാർത്താമാധ്യങ്ങളിലൂടെയാണ്. തങ്ങളെ തികച്ചും ഇരുട്ടിൽ നിർത്തി ഇത്തരമൊരു നടപടി കൈക്കൊണ്ടതിലൂടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വംതന്നെ ഇല്ലാതായെന്നാണ് അവരുടെ പക്ഷം. ഇതെന്തു മന്ത്രിസഭ എന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചോദിക്കാനിടവന്നതിന്റെ പശ്ചാലത്തലം ഇതായിരുന്നു.
സമയമാണ് പ്രശ്നം
കേരളപ്പിറവിയുടെ 69-ാം വാർഷിക ദിനമായ ശനിയാഴ്ച സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്തിരിക്കുകയാണ്. ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വേദിയായി നിയമസഭയെ മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അന്നുതന്നെ തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ മഹാസമ്മേളനം വിളിച്ചുചേർത്ത് കേരളത്തെ അതിതീവ്ര ദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയുമാണ്. മമ്മൂട്ടി, മോഹൻലാൽ, കമലഹാസൻ തുടങ്ങിയവരുടെ സാന്നിധ്യം സമ്മേളനത്തിനു താരപ്പകിട്ടേകും. നവംബർ അഞ്ചിനോ അതിനു മുന്പോ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വന്നേക്കുമെന്നാണു പ്രതീക്ഷ. ഇങ്ങനെ മുന്നണിയും സർക്കാരും അഭിമാനകരമായ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ച് തെരഞ്ഞെടുപ്പിലേക്കു നീങ്ങേണ്ട അതീവ നിർണായകമായ സമയത്ത് ഇത്തരമൊരു ആശയഭിന്നത സർക്കാരിനെ രാഷ്ട്രീയമായി ക്ഷീണിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. സിപിഐ മന്ത്രിസഭയിൽനിന്നു പുറത്തുവന്നു മുന്നണിയിൽ തുടരുന്ന സാഹചര്യമുണ്ടായാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ അവർക്കു നഷ്ടങ്ങളുണ്ടായേക്കാം. മുന്നണിക്കും ക്ഷീണമുണ്ടാകാം.
കാത്തിരിക്കാൻ യുഡിഎഫ്
ആത്മാഭിമാനമുണ്ടെങ്കിൽ പുറത്തു വരണമെന്നൊക്കെ ചുരുക്കം ചില പ്രസ്താവനകൾ വരുന്നുണ്ടെങ്കിലും ഇപ്പോൾ ഭരണമുന്നണിയിലുണ്ടായിരിക്കുന്ന പ്രതിസന്ധിയിൽ എടുത്തുചാടി പ്രതികരിക്കുന്നില്ല യുഡിഎഫ്. കാത്തിരുന്നു കാണുക എന്ന നിലപാടാണ് അവർ കൈക്കൊണ്ടിട്ടുള്ളത്. സിപിഐ എന്തെങ്കിലും തീരുമാനമെടുക്കട്ടെ, പിന്നീട് നിലപാട് പറയാം എന്നാണവരുടെ പക്ഷം. മുന്നണിമാറ്റം പോലെയുള്ള നീക്കങ്ങളൊന്നും സിപിഐയുടെ ഭാഗത്തു നിന്നുണ്ടാകുമെന്നു കോണ്ഗ്രസോ യുഡിഎഫോ പ്രതീക്ഷിക്കുന്നില്ല.അതുകൊണ്ടുതന്നെ പരമാവധി വഷളാകട്ടെ എന്ന നിലപാടിലാണ് അവർ.
എന്നാൽ ബിജെപി-സിപിഎം ഡീൽ എന്ന ആരോപണം കോണ്ഗ്രസ് കടുപ്പിക്കുന്നുണ്ട്. നാളുകളായി പറഞ്ഞുവരുന്ന ബാന്ധവത്തിന്റെ പുതിയ ഉദാഹരണം എന്നാണ് കോണ്ഗ്രസ് നേതാക്കൾ പറയുന്നത്. സിപിഐ സാക്ഷ്യപ്പെടുത്തിയതും അതുതന്നെയാണല്ലോ. അടുത്ത തെരഞ്ഞെടുപ്പിൽ അത്തരം ചില നീക്കുപോക്കുകൾ ഉണ്ടാകുമെന്ന് കോണ്ഗ്രസ് നേതൃത്വം ഭയപ്പെടുന്നുമുണ്ട്.
ബിജെപിയുടെ നിലപാട്
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയെ എബിവിപി പ്രതിനിധികൾ നേരിട്ടെത്തി അഭിനന്ദിക്കുന്ന ചിത്രം കണ്ട സിപിഎമ്മുകാർ അന്പരന്നുപോയിരിക്കും. കേന്ദ്രത്തിലെ ബിജെപി നേതാക്കളും കേരള സർക്കാരിനെ അഭിനന്ദനംകൊണ്ടു മൂടി. ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നു വരുന്ന ഓരോ നല്ല വാക്കും കേരളത്തിലെ സിപിഎമ്മിനെ കുത്തിനോവിക്കുന്നതാണ്.
കേന്ദ്ര ഫണ്ടുകൾ കേരളം നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ചു വൻതോതിലുള്ള പ്രചാരണം നടത്താനാണ് ബിജെപി സംസ്ഥാന ഘടകം തീരുമാനിച്ചിരിക്കുന്നത്. പിഎം ശ്രീ മാത്രമല്ല കേരളത്തിൽ പൂർണ അർഥത്തിൽ നടപ്പിലാക്കാത്ത മറ്റു കേന്ദ്ര പദ്ധതികളെക്കുറിച്ചും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു പ്രചാരണം നടത്താനാണ് ബിജെപിയുടെ തീരുമാനം.